Friday, April 10, 2009

ജീവിച്ചാലെന്ത്‌, ഞാന്‍ മരിച്ചാലെന്ത്‌?........എം എസ്‌ വള്ളിക്കാട്‌




``സ്വന്തം മാതാപിതാക്കളോടും സന്താനങ്ങളോടും എന്നല്ല, മുഴുവന്‍
മാനവരാശിയോടുമുള്ളതിനെക്കാള്‍ സ്‌നേഹം എന്നോടായിരിക്കുന്നതു വരെ നിങ്ങളിലൊരാളും
വിശ്വാസിയാവുന്നില്ല.'' (ബുഖാരി, മുസ്‌ലിം).
തിരുദൂതരുടെ വ്യക്തിവൈശിഷ്‌ട്യത്തിന്റെ ത്രിതലങ്ങളെ ആത്മജ്ഞാനികള്‍
കണ്ടെത്തിയിട്ടുണ്ട്‌. അവയോരോന്നും കണ്ടെത്താനാവുമ്പോഴാണ്‌ ആ മഹാനോടുള്ള
പ്രേമത്തിന്‌ ജീവന്‍ വയ്‌ക്കുന്നത്‌.
മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്ത്‌
തിരുപ്രവാചകരുടെ വ്യക്തിതലങ്ങളില്‍ പ്രഥമവും പ്രധാനവുമായത്‌ `ആലമുന്നാസൂത്തു'മായി -
മനുഷ്യര്‍ പാര്‍ക്കുന്ന ലോകവുമായി- ബന്ധപ്പെട്ട മാനുഷികവ്യക്തിത്വമാണ്‌
(ബശരിയ്യ്‌). ജനതയെ ഉദ്‌ബോധനംചെയ്യാനുള്ള ദിവ്യബോധനവുമായി (വഹ്‌യ്‌) സന്ദേശവാഹകര്‍
പ്രവാചകപ്രഭുവിനെ സമീപിക്കുമ്പോള്‍ തന്നെ ``ഞാന്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍
മാത്രമാണ്‌, തീര്‍ച്ച!'' എന്ന്‌ അല്ലാഹു അവിടത്തെ ഉത്തരവ്‌ ചെയ്യിക്കുന്നു.
അല്ലാഹുവിന്റെ സൃഷ്‌ടിസങ്കല്‌പത്തില്‍ നിന്ന്‌ ആവിഷ്‌കൃതമായ പ്രഥമസൃഷ്‌ടിരൂപം
പ്രകാശസ്വരൂപനായി (നൂറുമുഹമ്മദ്‌) വാഴ്‌ത്തപ്പെട്ടിരുന്നുവല്ലോ. അനന്തരം,
മനുഷ്യരാശി പ്രാകൃതവും അപരിഷ്‌കൃതവുമായ നടപടികളില്‍ ഊന്നിനിന്നു. ചുറ്റുപാടുകളോട്‌
സഭ്യതയോടെ സംവദിക്കാന്‍വന്ന പ്രവാചകരുടെ ചിത്രം ചരിത്രം
അടയാളപ്പെടുത്തിയിട്ടുണ്ട്‌. പ്രവാചകശിഷ്യന്മാര്‍ അനുഭവിച്ചറിഞ്ഞത്‌
അവര്‍ക്കിടയില്‍ ജീവിക്കുകയും അവരോട്‌ സംസാരിക്കുകയും ചെയ്‌ത, യുദ്ധങ്ങള്‍
നയിക്കുകയും നിയമനിര്‍വഹണം നടത്തുകയും ചെയ്യുന്ന, സാമൂഹ്യോദ്ധാരകനും
കുടുംബനാഥനുമായ, മാനുഷിക വ്യക്തിത്വത്തെയാണ്‌. തിരുസഖാക്കളായ സിദ്ദീഖും ഉമറുമെല്ലാം
(റ) കണ്ണിമവെട്ടാതെ നോക്കിനിന്നതും പ്രേമാഭിനിവേശത്താല്‍ കീര്‍ത്തനമാല്യങ്ങള്‍
ചൊരിഞ്ഞതും ഈ വ്യക്തിത്വത്തിന്‍മേലാണ്‌. എന്നാല്‍, വചനവാഹകനായ മുഹമ്മദ്‌നബി(സ)
ജഡസ്വരൂപനായിരിക്കുമ്പോള്‍ തന്നെ മറ്റു ചില വൈശിഷ്‌ട്യങ്ങളാല്‍കൂടി വിഭൂഷിതരാണ്‌
എന്ന തിരിച്ചറിവ്‌ അവര്‍ക്കറിയാമായിരുന്നു. തിരുദൂതരുടെ ഭൗമാസ്‌തിത്വത്തിന്റെ
പ്രാരംഭബിന്ദുവായ അബുല്‍ബശര്‍ ആദം(അ)മില്‍നിന്നു തുടങ്ങുന്ന
മാനുഷികവ്യക്തിത്വത്തിന്റെ പരിണാമഘട്ടങ്ങളെ പ്രവാചകത്വത്തിന്റെ അടയാളങ്ങളായി അവര്‍
ഉള്‍ക്കൊണ്ടു. അങ്ങനെ തിരുപ്രേമത്തിന്റെ പാരമ്യം പ്രാപിക്കുവാന്‍ അവര്‍ക്കായി.
``താങ്കളെ നാം നിയോഗിച്ചത്‌... വെട്ടം വിതറുന്ന വിളക്കുമാടവുമായാണ്‌' എന്ന
അല്ലാഹുവിന്റെ പ്രശംസ തിരുപ്രവാചകരുടെ മാനുഷിക നിയോഗം അടയാളപ്പെടുത്തുന്ന വചനമാണ്‌.
എന്നാല്‍ ഈ തലത്തില്‍ മാത്രം ദൃഷ്‌ടിയൂന്നിക്കൊണ്ട്‌ തിരുനബിയെ
മനസ്സിലാക്കാനാവില്ല. വേറെ രണ്ടുതലങ്ങള്‍കൂടി മനസ്സിരുത്തി അറിയാന്‍ ശ്രമിക്കണം.
ആലമുല്‍ മലകൂത്തില്‍
സഖാക്കള്‍ക്കിടയില്‍ മാനുഷികപ്രകൃതത്തില്‍ വസിക്കുമ്പോഴും `ആലമുല്‍
മലക്കൂത്തു'മായി- മാലാഖകളുടെ ലോകവുമായി- നിരന്തരം ബന്ധപ്പെടുന്ന വ്യക്തിതലമാണ്‌
മലകിയ്യ്‌. അതിന്റെ പ്രധാനസന്ദര്‍ഭം വഹ്‌യ്‌ അവതരണമാണ്‌. ആയിശ(റ)യില്‍ നിന്നു
നിവേദനം: ഹാരിഥുബ്‌നുഹിശാം(റ) നബി(സ)യോട്‌ ചോദിച്ചു: ``അങ്ങേയ്‌ക്ക്‌ എപ്രകാരമാണ്‌
ദിവ്യബോധനം അവതരിക്കാറുള്ളത്‌?'' പ്രവാചകന്‍ പ്രതിവചിച്ചു: ``ചിലപ്പോള്‍ ഒരു
മണിനാദം പോലെ അനുഭവപ്പെടും, അതാണ്‌ ഏറെ ക്ലിഷ്‌ടമായത്‌. മറ്റുചിലപ്പോള്‍ മാലാഖ
മനുഷ്യരൂപം പൂണ്ട്‌ എനിക്കു വചനം പറഞ്ഞുതരുന്നു.'' (തിര്‍മിദി). സാധാരണ
മനുഷ്യാനുഭവങ്ങളിലേക്ക്‌ പരാവര്‍ത്തനം ചെയ്‌താല്‍ കേവലം മണിനാദംപോലെതോന്നുന്ന
ശബ്‌ദം അല്ലാഹുവിന്റെ കലാമായി വേര്‍തിരിച്ചറിയാനുള്ള, മനുഷ്യരൂപത്തിലോ അല്ലാതെയോ
എത്തുന്ന മാലാഖയെ ഉള്‍ക്കൊള്ളാവുന്ന തിരുപ്രകൃതമാണ്‌ മലകിയ്യ്‌ എന്ന വ്യക്തിത്വതലം
രൂപപ്പെടുത്തുന്നത്‌.
ഒരു സംഭവം ചിത്രണം ചെയ്യാം: ഉമ്മുഹാനിഇന്റെ ഗൃഹത്തില്‍ അന്തിവാസംകൊള്ളുന്ന
പ്രവാചകസന്നിധത്തിലേക്ക്‌ ജിബ്‌രീല്‍ (അ) വരുന്നു. നാഥസമക്ഷത്തിലേക്ക്‌
ആനയിക്കപ്പെടുന്ന വിശുദ്ധമുഹൂര്‍ത്തം. അഭൗമവിശേഷതകളുള്ള ബുറാഖിനു പുറത്തേറി
മലക്കിനോടൊപ്പമുള്ള യാത്ര. കണ്ണെത്തുന്ന ദൂരത്തേക്കു കാലെടുത്തുവയ്‌ക്കുന്ന വേഗം.
ദ്രുതം വ്യതിയാനപ്പെട്ടുകൊണ്ടിരിക്കുന്ന വായുവിന്റെ മര്‍ദ്ദഭേദങ്ങളിലും
അസ്ഥിരപ്രവാഹത്തിലും അശേഷം തളരുകയോ തകരുകയോ ചെയ്യാത്ത തിരുദൂതര്‍ സ്വല്ലല്ലാഹുഅലൈഹി
വസല്ലം പക്ഷേ, മസ്‌ജിദുല്‍ അഖ്‌സവരെ മാത്രമാണ്‌ വാഹനം ഉപയോഗപ്പെടുത്തുന്നത്‌.
അനന്തരം, പ്രപഞ്ചസ്രഷ്‌ടാവിന്റെ സന്നിധത്തിലേക്ക്‌ ജിബ്‌രീല്‍ (അ) എന്ന
മാലാഖയോടൊപ്പം സഞ്ചരിക്കുന്നു. മലക്കിന്റെതിനു തുല്യമായ വേഗതയില്‍ ദ്രുതം
മുകളിലോട്ട്‌ ഉയരുവാനുള്ള ആ ദിവ്യപ്രകൃതം മനുഷ്യഗണത്തില്‍ മുഹമ്മദ്‌ നബി(സ)ക്ക്‌
മാത്രമാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌. സഹസ്രാബ്‌ദങ്ങള്‍ക്കപ്പുറം മണ്‍മറഞ്ഞുപോയ
പ്രവാചകശ്രേഷ്‌ഠന്മാര്‍ അവിടുത്തേക്ക്‌ വിരുന്നേകുന്നു. `ആലമുല്‍ മലകൂത്തിലെ'
അതിശയങ്ങളധികം അവിടുന്ന്‌ കണ്ടിട്ടുണ്ടെന്ന്‌ പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്‌.
അതിലൊന്നാണ്‌ പ്രതിദിനം എഴുപതിനായിരം മാലാഖമാരെത്തുന്ന ബൈത്തുല്‍ മഅ്‌മൂര്‍ എന്ന
പള്ളി. അവിടെ മാലാഖമാരാകെയും പൂര്‍വകാല നബിമാരഖിലവും തിരുനബിയെ നായകനാക്കി (ഇമാം)
വാഴിക്കുകയും, അവിടുത്തെ പിന്നില്‍ അണിനിരന്ന്‌ അല്ലാഹുവിനു മുന്നില്‍
നിസ്‌കരിക്കുകയും ചെയ്യുന്ന ചിത്രം.
ഇഷ്‌ടമാലാഖയോടൊപ്പം അതേ സൃഷ്‌ടിപ്രകൃതങ്ങളെ സ്വീകരിച്ച്‌ ഭൗമോപരിതലം വിട്ട്‌
പ്രപഞ്ചത്തിന്റെ ഇതരതലങ്ങളിലേക്ക്‌ ആനയിക്കപ്പെടുന്ന മഹദ്‌സാന്നിധ്യമായി
സൃഷ്‌ടികര്‍ത്താവ്‌ അവിടുത്തെ നിയോഗിക്കുമ്പോള്‍ അതിന്റെ അധ്യാത്മികപ്രാധാന്യം
മനസ്സിലാക്കാന്‍ നമുക്കാവണം. ആ പരിപ്രേക്ഷ്യത്തിലൂന്നി നബി(സ) സാക്ഷിയും (ശാഹിദ്‌)
ദിവ്യഹിതംപ്രാപിക്കാനുള്ള മാധ്യമവും (വസീല) ആണെന്ന്‌ ഉള്‍ക്കൊള്ളുകയും ഹൃദയം ആ
യാഥാര്‍ത്ഥ്യത്തെ പുണരുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥമായ പ്രവാചക പ്രേമത്തെ
സാക്ഷാത്‌കരിക്കാനായി മറ്റൊരു മറകൂടി അനാവൃതമാവുന്നു.
ആലമുല്ലാഹൂത്തില്‍
പ്രവാചകശ്രേഷ്‌ഠരുടെ വ്യക്തിത്വത്തിന്റെ ത്രിതീയതലം, സൃഷ്‌ടികള്‍ക്കാര്‍ക്കും
പ്രവേശനാനുമതി ലഭിച്ചിട്ടില്ലാത്ത `ആലമുല്‍ ലാഹൂത്തു'മായി - ഇലാഹിന്റെ മാത്രം
അധികാരവട്ടത്തിലുള്ള ഇടങ്ങളുമായി - സംവദിക്കാനനുവദിക്കുന്ന പ്രകൃതത്തെയാണ്‌
വെളിപ്പെടുത്തുന്നത്‌. ഇലാഹിനെ നേരിട്ടുദ്ധരിക്കുന്ന ഹദീസുകള്‍ ഖുദ്‌സിയ്യ്‌
എന്നറിയപ്പെടുന്നുവല്ലോ. തഥൈവ, ലാഹൂത്തുമായി ബന്ധപ്പെടുന്ന പ്രകൃതത്തെയും
`ഖുദ്‌സിയ്യ്‌' എന്നുതന്നെ വിശേഷിപ്പിക്കുന്നു. സൃഷ്‌ടിഗണത്തില്‍ തിരുദൂതര്‍
(സ)ക്കു മാത്രം അനുവദിക്കപ്പെട്ട `മിഅ്‌റാജ്‌' സംഭവം ആ വ്യക്തിമാഹാത്മ്യത്തിന്റെ
`ഖുദ്‌സിയ്യായ' വശത്തെ എടുത്തുകാട്ടുന്നു. `പ്രകാശസാഗര'ത്തിന്റെ (ബഹ്‌റുന്നൂര്‍)
അടുത്തെത്തുമ്പോള്‍ ഇനി ഒരടി മുന്നോട്ടുവച്ചാല്‍ താന്‍
കരിഞ്ഞുണങ്ങിവീണേക്കുമെന്നും, പ്രകാശത്തിന്റെ സത്തയായ, നൂറും മുനീറും ആയ തിരുദൂതര്‍
മാത്രമാണ്‌ ബഹ്‌റുന്നൂറിനെ ആശ്ലേഷിക്കാന്‍ യോഗ്യനും പ്രാപ്‌തനുമെന്നും ആശംസിച്ച്‌
യാത്രയയക്കുന്ന ജിബ്‌രീലിന്റെ(അ) ചിത്രം പ്രവാചകപ്രേമിയുടെ മനക്കണ്ണില്‍
തെളിയുന്നുണ്ട്‌. ശൈഖ്‌ മുതവല്ലി അശ്ശഅ്‌റാവി അഭിപ്രായപ്പെട്ടപോലെ;
``നഗ്നനേത്രങ്ങളാല്‍ പ്രവാചകപ്രഭു ഇലാഹിനെ ദര്‍ശിച്ചു. വിവരദോഷികളുടെ ജല്‌പനങ്ങളെ
നീ ഖണ്ഡിച്ചേക്കുക!''
മനുഷ്യര്‍ക്കിടയില്‍ ഒരുവനായിപ്പാര്‍ത്ത തിരുനബി(സ) അതേ മാനുഷികതലത്തില്‍ നിന്നു
കൊണ്ടുതന്നെ മുഴുപ്രപഞ്ചത്തിന്റെയും നിയന്താവിനെ ദര്‍ശിക്കാന്‍ അനുഗുണമായ
സ്ഥൈര്യത്താലും ഇതര വൈശിഷ്‌ട്യങ്ങളാലും വിഭൂഷിതരായിരുന്നു എന്ന തിരിച്ചറിവിലാണ്‌
പ്രവാചക വ്യക്തിമാഹാത്മ്യത്തെ പൂര്‍ണമായി അനുഭവിക്കാനാവുക. പ്രവാചകാനുരാഗത്തിന്റെ
പ്രകീര്‍ത്തനമഞ്‌ജരികള്‍ തീര്‍ക്കാന്‍ മുതിര്‍ന്ന കവിശ്രേഷ്‌ഠരില്‍ അധികപേരും
ഇസ്‌റാഅ്‌-മിഅ്‌റാജ്‌ ഇതിവൃത്തമായി സ്വീകരിച്ചത്‌ ഇക്കാരണംകൊണ്ടാണ്‌. അഹ്‌മദ്‌
ശൗഖിയും ഉമര്‍ഖാളിയും ഇമാം ബൂസ്വീരിയുമൊക്കെ അവരില്‍ ചിലര്‍മാത്രം.
അല്‍ഫനാഉ ഫിര്‍റസൂല്‍
തിരുവ്യക്തിത്വത്തെ ഗ്രഹിക്കാനായാല്‍ പിന്നെ അവിടുത്തോടുള്ള ഹുബ്ബിനെ
ക്രമപ്പെടുത്താനാവണം. അതിന്റെ നേര്‍പ്രകാരങ്ങള്‍ തിരുസഹജര്‍തന്നെ
വരച്ചുകാണിച്ചിട്ടുണ്ട്‌. തിര്‍മിദിയുടെ നിവേദനത്തില്‍ നിന്നു വായിക്കാം; ഒരാള്‍
നബി(സ)യെ സമീപിച്ചു പറഞ്ഞു: `ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.' അപ്പോള്‍ തിരുദൂതരുടെ
പ്രതികരണം : `താങ്കള്‍ എന്താണ്‌ പറയുന്നതെന്നു ചിന്തിച്ചിട്ടുവേണം.' ആ മനുഷ്യന്‍
മൂന്നുതവണ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ട്‌ `ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു'
എന്നു ആവര്‍ത്തിച്ചു. അപ്പോള്‍ നബി(സ) പ്രതിവചിച്ചു : ``താങ്കള്‍ ആത്മാര്‍ത്ഥമായാണു
പറയുന്നതെങ്കില്‍ തീക്ഷ്‌ണമായ ദാരിദ്ര്യം ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്‍ക.
കുത്തനെയുള്ള പര്‍വ്വതോച്ചിയില്‍ നിന്നു ദ്രുതം കീഴ്‌പ്പോട്ടു പതിക്കുന്ന
ജലധാരയെക്കാള്‍ വേഗത്തില്‍ എന്നെ പ്രണയിക്കുന്നവരുടെ അടുത്ത്‌ ദാരിദ്ര്യമെത്തും.''
എന്താണീ വാക്കുകളുടെ പൊരുള്‍? മുഹമ്മദ്‌ (സ)യെന്ന അനുപമവ്യക്തിത്വത്തോടുള്ള
വിശുദ്ധവും ആത്മാര്‍ത്ഥവും അഗാധവുമായ സ്‌നേഹം ദാരിദ്ര്യമാണ്‌ സമ്മാനിക്കുകയെന്നോ?
ഉള്‍ക്കാഴ്‌ചയും ഉചിതജ്ഞാനവും ഇല്ലാത്തവര്‍ക്ക്‌ ഇതിന്റെ താല്‍പര്യം
ഗ്രഹിക്കാനാവില്ല. വാസ്‌തവത്തില്‍, സൃഷ്‌ടിശ്രേഷ്‌ഠര്‍ `ദാരിദ്ര്യം' എന്നു
വിളിക്കുന്നതും പ്രയോഗിക്കുന്നതും അതിനെ ഒരു സാങ്കേതികശബ്‌ദമായി (ലഫ്‌ളുന്‍
ഇസ്‌ത്വിലാഹിയ്യ്‌) ഗണിച്ചിട്ടാവണം. ദാരിദ്ര്യമെന്നാല്‍ (ഫഖ്‌ര്‍)
സ്വന്തമായൊന്നുമില്ലാത്ത, മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണല്ലോ.
പ്രേമിക്കുന്നവന്‌ തന്റെ പ്രേമഭാജനമല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ. സ്വാത്മ
സ്വത്വത്തെ പ്രവാചകാനുരാഗത്തില്‍ വിലയിപ്പിക്കുന്നതിന്റെ പൂര്‍ണതയിലേക്ക്‌
ഹൃത്തടങ്ങള്‍ വികസിക്കുന്ന നിലയാണത്‌. കുത്തനെയുള്ള ജലപ്രവാഹത്തെക്കാള്‍ ഝടുതിയില്‍
പുണരാനെത്തുന്ന ദാരിദ്ര്യം പ്രവാചകന്‍ എന്ന ഒറ്റ വിചാരത്തിലും വികാരത്തിലും ലയനം
പ്രാപിച്ച്‌ മറ്റൊന്നുമില്ലാതാവുന്ന ആത്മാര്‍പ്പണത്തിന്റെ വഴിയിലാണ്‌ നേരിടാനാവുക.
ഈ ദിശയിലാണ്‌ `അല്‍ഫനാഉഫിര്‍റസൂല്‍' (വിശുദ്ധവ്യക്തിത്വത്തില്‍ സ്വത്വനിരാസം
കൊള്ളുക) എന്ന സൂഫീസംജ്ഞ പ്രാപ്യമാകുന്നതും.
ഉദ്ധൃത സ്വത്വനിരാസത്തിന്റെ വിധവും തിരുസഹജര്‍ പലതവണ കാണിച്ചിട്ടുണ്ട്‌.
പ്രവാചകസാന്നിധ്യത്തിന്റെ ഉള്‍വിളികേട്ട്‌ യുഗങ്ങളോളം ഹിറയുടെ മാളത്തില്‍
കാത്തുനില്‍ക്കുന്ന ഉരഗം. വിശുദ്ധമേനിയില്‍ വിഷദംശമേല്‍ക്കരുതേ എന്നു നിനച്ച്‌
ഉടുവസ്‌ത്രംചീന്തി മാളങ്ങളടയ്‌ക്കുന്ന സിദ്ദീഖ്‌(റ). വസ്‌ത്രഖണ്ഡം തികയാതെ
വരുമ്പോള്‍ പ്രവാചകര്‍ക്കു പരിചയായി തന്റെ പെരുവിരല്‍ കൊണ്ട്‌
മാളമടച്ചുവയ്‌ക്കുകയാണ്‌ അവിടുന്ന്‌. എന്നാല്‍, വിശുദ്ധ വദനദര്‍ശനത്തിനു ഭംഗം
വരുന്നതില്‍ വേപഥുപൂണ്ട്‌ ഉരഗം സിദ്ദീഖ്‌ (റ)വിനെ കൊത്തുന്നു. തമോമയമായ ഹിറയുടെ
അന്തര്‍ഭാഗത്ത്‌ തിരുദൂതരോടുള്ള ഇശ്‌ഖില്‍ സര്‍വം വിസ്‌മരിക്കുന്ന രണ്ട്‌
മഹിതബിന്ദുക്കള്‍. വിശുദ്ധദൂതരുടെ ശിരസ്സിലേക്ക്‌ ഉറ്റിവീണ തപിക്കുന്ന
കണ്ണീര്‍കണങ്ങള്‍ ആവ്യക്തി കേന്ദ്രത്തില്‍ സ്വത്വനിരാസനം ചെയ്യുന്ന
സിദ്ദീഖ്‌(റ)വിലെ അനുരാഗിയുടെ ഉരുകിത്തീരലാണ്‌. തിരുശരീരത്തില്‍ നിന്ന്‌ ആത്മാവ്‌
നാഥസമക്ഷം ചേര്‍ന്നപ്പോള്‍ തന്റെ `പ്രണയപാത്രമില്ലാത്ത ലോകം എനിക്കു കാണേണ്ട' എന്നു
വിലപിച്ച്‌ സ്വന്തം ദര്‍ശനേന്ദ്രിയങ്ങള്‍ കുത്തിപ്പൊട്ടിക്കുന്ന, തദ്വാരാ
പ്രവാചകസ്വത്വത്തില്‍ സ്വയം വിലയിക്കുന്ന സ്വഹാബിയെ നാം വായിച്ചിട്ടുണ്ട്‌.
അനുരാഗിക്ക്‌ തന്റെ അനുരാഗബിന്ദുവല്ലാതെ മറ്റൊന്നുമില്ലാത്ത, ദരിദ്രമായ,
സ്വാസ്‌തിത്വം പോലും ഗണനീയമല്ലാത്ത നിമിഷങ്ങള്‍ക്ക്‌ ജീവന്‍ വയ്‌ക്കുമ്പോള്‍ ശരിയായ
`അല്‍ഫനാഉ ഫിര്‍റസൂല്‍' ഉണ്ടാവുന്നു.
ഉപര്യുക്ത ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന അനേകം തിരുവചനങ്ങള്‍ പ്രമാണികരേഖകളില്‍
തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്നുമാത്രം ചേര്‍ക്കാം: ``ഒരിക്കല്‍ ഖലീഫ
ഉമര്‍(റ) തിരുസന്നിധിയില്‍ വണക്കത്തോടെ അറിയിച്ചു: `ഗുരോ! സ്വാത്മാവിനെ ഒഴിച്ച്‌
മറ്റെന്തിനെക്കാളും ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.' പ്രവാചകര്‍ (സ)യുടെ പ്രതികരണം:
`പറ്റില്ല ഉമര്‍! സ്വന്തത്തെക്കാളും ഞാന്‍ നിങ്ങളുടെ സ്‌നേഹഭാജനമായിരിക്കണം.'' ഉടനെ
വിനീതമായി തിരുസഖാവ്‌ അതുള്‍ക്കൊള്ളുന്നു. `അതേ, പ്രഭോ! ഞാനെന്നെക്കാള്‍ അങ്ങയെ
പ്രണയിക്കുന്നു.' (ബുഖാരി) ഇവിടെ പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിപത്തിക്കോ
പ്രതിബദ്ധതയ്‌ക്കോ അല്ല, പ്രത്യുത തിരുവ്യക്തിത്വത്തില്‍ തന്നെ ലയിച്ചുചേരുക എന്ന
ആശയത്തിനാണ്‌ മികവ്‌ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. അനുരാഗത്തിന്റെ ശരിയായ
രീതിശാത്രമാണത്‌.
`അല്‍ഫനാഉ ഫിര്‍റസൂല്‍' എന്ന ആശയത്തിനു ചില സൂഫീചിന്തകള്‍ ഉപമ നല്‍കിയത്‌
ജ്വലിച്ചുനില്‍ക്കുന്ന തിരിവെട്ടത്തില്‍ ആത്മഹുതിക്കു തയ്യാറാവുന്ന
ഈയാംപാറ്റയെയാണ്‌. വിശുദ്ധവ്യക്തിത്വത്തില്‍ അലിഞ്ഞില്ലാതാവുന്ന ആ മഹനീയനിമിഷമാണ്‌
തിരുപ്രേമികളുടെ ഓര്‍മകളെ എന്നും സജീവമാക്കിയത്‌. കത്തിനില്‍ക്കുന്ന
വിളക്കായിട്ടാണ്‌ ഖുര്‍ആന്‍ അവിടുത്തെ പരിചയപ്പെടുത്തുന്നത്‌. അതില്‍മാത്രം
ആത്മഹാനി ഭവിക്കുന്നവരില്‍ തങ്ങളുള്‍പ്പെടണമെന്ന ചിന്തയിലാണ്‌ തീര്‍ച്ചയായും
അനുരാഗികള്‍ ജീവിതത്തിന്‌ അര്‍ത്ഥം കാണുന്നത്‌. മലബാറിന്റെ ബൂസ്വീരി
ഉമറുല്‍ഖാളി(റ)യുടെ കാവ്യങ്ങളില്‍ ആ ഭാവം പൂത്തുലഞ്ഞുനില്‍ക്കുന്നു.
`അശ്രുവറ്റാത്ത നയനങ്ങളിതാ
ഒലിക്കുന്ന കവിളിണകളില്‍ ചാലിട്ടിതാ
ഇരുലോക നായകരോടുള്ള ഹുബ്ബാല്‍
ജീവിച്ചാലെന്തു ഞാന്‍, മരിച്ചു മണ്ണടിഞ്ഞാലെന്ത്‌!
ചൊല്ലൂ സ്വലാത്തു സലാമുകള്‍ തസ്‌ലീമാ''
ഇവ്വിധമുള്ള സ്‌നേഹമാണു വേണ്ടത്‌. പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളോടോ, ഉപദേശങ്ങളോടോ
ചര്യയോടോ ഉള്ള അനുസരണയല്ല പ്രവാചകപ്രേമം. കാരണം അനുസരണയുടെ ഹേതു പ്രേമം
മാത്രമാവണമെന്നില്ല; ഭയമാവാം, മറ്റു പലതുമാവാം. എന്നാല്‍ പ്രവാചകാനുരാഗി അവിടുത്തെ
അധ്യയനങ്ങള്‍ക്ക്‌ വഴിപ്പെടുകയും കീഴ്‌ഭവിക്കുകയും ചെയ്യുന്നത്‌ ആ
വ്യക്തിമഹാത്മ്യത്തെ സ്വയമേവ പ്രകാശിപ്പിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും
ഹൃദയംഗമമായ അഭിവാഞ്‌ഛയും മൂലമാണ്‌. സ്വല്ലല്ലാഹുഅലാ മുഹമ്മദ്‌, സ്വല്ലല്ലാഹു
അലൈഹിവസല്ലം.

No comments:

Post a Comment