Saturday, March 14, 2009

പ്രകീര്‍ത്തനത്തിന്റെ കുത്തൊഴുക്ക്‌ ജഅഫര്‍ മൂന്നിയൂര്‍ (www.risalaonline.com)

പുണ്യറബീഇന്റെ മനോഹര ദിനരാത്രങ്ങള്‍ വീണ്ടും. ദീപ്‌തമായ മധുരസ്‌മരണ പ്രവാചക 
സ്‌നേഹികളെ ആനന്ദതുന്തിലരാക്കുകയും ആനന്ദനിര്‍ഭരമായ അന്തരീക്ഷത്തില്‍ അവര്‍ 
തങ്ങളുടെ പ്രേമഭാജനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു; ഗദ്യത്തിലൂടെ, 
പദ്യത്തിലൂടെ, ഗദ്യപദ്യ സമ്മിശ്രരൂപത്തിലൂടെ, നയനാനന്ദകരമായ കലാപ്രകടനങ്ങളിലൂടെ..
പ്രകീര്‍ത്തനം ഉരുവംകൊള്ളുന്നത്‌
നാം ആരുടെ ഓര്‍മകളെയാണോ മനസ്സില്‍ സൂക്ഷിക്കുന്നത്‌ അവ ഓരോ നിശ്വാസത്തിലും നമ്മെ 
ഉണര്‍ത്തുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്‌ പ്രണയമാകുന്നു. 
പ്രണയാര്‍ദ്രമായ ഹൃദയങ്ങളില്‍ പ്രണയഭാജനത്തെക്കുറിച്ച്‌ നല്ലവാക്കുകള്‍ ചിറകു 
വിരിച്ചുപാറുന്നു. അവര്‍ നല്ലതു പറയുകയും പാട്ടുകള്‍ ആസ്വദിക്കുകയും ചെയ്യുന്നു. 
തദ്വാരാ, പ്രകീര്‍ത്തിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച്‌ പറയാന്‍ അവര്‍ക്ക്‌ 
നൂറുനൂറു വാക്കുകളുണ്ടാവും. അയാളെ അനുകരിക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ 
നല്ലഫലങ്ങള്‍ നിറഞ്ഞുകായ്‌ച്ച ഒരു മഹാപ്രണയത്തിന്റെ 
സാക്ഷാത്‌ക്കാരത്തിനിടയിലെപ്പോഴോ തളിര്‍ത്തുപൂത്ത കാവ്യശില്‍പമാണ്‌ ഇമാം 
ബൂസ്വീരിയുടെ ബുര്‍ദ.
ബുര്‍ദയുടെ ഒഴുക്ക്‌
അലക്ഷ്യമായ കാവ്യോപാസനയില്‍ അഭിരമിക്കുകയായിരുന്നു മുഹമ്മദുല്‍ബൂസ്വീരി (റ). 
അങ്ങനെയിരിക്കെയാണ്‌ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദശാസന്ധിയിലൂടെ അദ്ദേഹത്തിന്‌ 
കടന്നുപോവേണ്ടിവന്നത്‌. `ഫാലജ്‌'(തളര്‍വാതം) രോഗബാധിതനായി ശയ്യാവലംബിയായപ്പോള്‍ 
കവിയുടെ ഹൃദയം മിടിച്ചു, പിടച്ചു. അങ്ങനെ തീവ്രമായ അനുരാഗത്തില്‍ മതിമറന്ന്‌ ഒരു 
തീരുമാനമുണ്ടായി: ഈ വേദനാജനകമായ പ്രതിസന്ധി അകന്നാല്‍, പുണ്യപൂമേനി(സ) ഞാന്‍ 
പാടിപ്പുകഴ്‌ത്തും, തീര്‍ച്ച. കണ്ണീര്‍കുടങ്ങള്‍ നിലത്തുവീണുടഞ്ഞ നേരമായിരുന്നു 
അത്‌. ആ കണ്ണീര്‍തുള്ളികളുടെ ശകലം, അനുരാഗത്തിന്റെ പരിമളം മദീനയിലെ റൗളയിലും 
വീശിയടിച്ചിരിക്കാം. തിരുമേനി(സ) ഇമാം ബൂസ്വീരി(റ)യുടെ സ്വപ്‌നലോകത്തെത്തി. 
ഹബീബിന്റെ പുണ്യകരങ്ങള്‍ മഹാകവിയെ തഴുകിത്തലോടി.. അദ്‌ഭുതം! ഉറക്കില്‍ 
നിന്നെഴുന്നേറ്റ മുഹമ്മദുല്‍ ബൂസ്വീരി(റ) അരോഗദൃഢഗാത്രന്‍!
പിന്നെ ഒരൊഴുക്കായിരുന്നു. ചരിത്രത്തിലെ തന്നെ അതിമനോഹരമായ കാവ്യച്ചോല കൂലം 
കുത്തിയൊഴുകി. ``അമിന്‍തദക്കുരിജീറാനി.....'' പ്രാണപ്രേയസിയുടെ അഭാവത്തില്‍ 
ഖിന്നനാകുന്ന കാമുകന്റെ കഠിനവേദനയോടെ ആരംഭിക്കുന്നു ബുര്‍ദ. ഇന്ന്‌ 
ഉല്‍പതിഷ്‌ണുക്കള്‍ ബുര്‍ദക്കെതിരെ ഖഡ്‌ഗമുപയോഗിക്കുന്നത്‌ ഈ വരികളുടെ മേലാണ്‌. 
ഗതകാല ജീവിതസ്‌പന്ദനങ്ങളില്‍ ആധിപൂണ്ട ഇമാം ബൂസ്വീരി(റ), ദേഹിയുടെ 
താന്തോന്നിത്തത്തെ കണക്കറ്റ്‌ ശകാരിക്കുന്നു. മനസ്സിനെസ്‌ഫുടം ചെയ്യുന്നതിന്റെ 
അനിവാര്യത വെളിപ്പെടുത്തുന്ന വരികള്‍ പ്രവാചകപ്രേമികളുടെ ജീവിതശൈലിയെ 
ക്രമപ്പെടുത്താന്‍ പോന്നതാണ്‌. ജീവിതപാന്ഥാവ്‌ ഋജുവായിത്തീര്‍ന്നാല്‍ ആ 
ഹൃത്തടത്തില്‍ മദീനയിലെ മന്ദമാരുതന്‍ സുഗന്ധംവീശും എന്ന നഗ്‌നസത്യം 
പ്രവാചകപ്രേമികള്‍ക്ക്‌ പകര്‍ന്നുനല്‍കുകയാണ്‌ കവി. സുഗന്ധിയായ ബുര്‍ദയുടെ മൂന്നാം 
ഭാഗം പുണ്യപൂമേനിയെ വര്‍ണാഭമാക്കുന്നു. പ്രേമഭാജനത്തിന്റെ ഗുണവിശേഷങ്ങള്‍ 
വിവരിച്ച്‌, ഇമാം ബൂസ്വീരി(റ) ആനന്ദത്തിന്റെ പരകോടി പ്രാപിക്കുന്നു.
ഒരു ഘട്ടത്തില്‍ ``ഫ മബ്‌ലഗുല്‍ ഇല്‍മി ഫീഹി അന്നഹു ബശറുന്‍...'' എന്നവരി എത്തി 
നില്‍ക്കുമ്പോള്‍, രണ്ടാം ഖണ്‌ഡം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബൂസ്വീരി(റ) അവശനായി 
ത്തീര്‍ന്നു... പരിക്ഷീണിതനായി നിദ്രയിലാണ്ട ബൂസ്വീരിയുടെ അരികെ തിരുനബി(സ)എത്തി 
ബുര്‍ദയുടെ ഈരടികള്‍ ആലപിക്കാന്‍ ആവശ്യപ്പെട്ടു. കവി സാവേശം വരികള്‍ ചൊല്ലി. 
അതുകേട്ട്‌ ആനന്ദനിര്‍വൃതിയിലായ റസൂല്‍(സ) കാറ്റേറ്റ്‌ ആടുന്ന മുളങ്കമ്പുപോലെ ആടി. 
(മിനഹുല്‍ മക്കിയ്യ) നേരത്തെ പരവശനായി നിര്‍ത്തിവച്ച വരിയെത്തിയപ്പോള്‍ 
ബൂസ്വീരിയുടെ ആലാപനം സ്‌തംഭിച്ചു. തദവസരത്തില്‍ വരിയുടെ രണ്ടാം ഖണ്‌ഡം തിരുനബി(സ) 
പൂര്‍ത്തീകരിച്ചു. വഅന്നഹു ഖൈറുഖല്‍ഖില്ലാഹി കുല്ലിഹിമി- അങ്ങനെ നബി(സ) 
തങ്ങള്‍ക്ക്‌ നേരിട്ട്‌ ബന്ധമുള്ള പുണ്യകാവ്യമായി ബുര്‍ദ. തിരുമേനിയുടെ ഔന്നിത്യം 
വാനോളം ഉയര്‍ന്നതില്‍ ഇത്രയധികം മികവ്‌ പുലര്‍ത്തിയ മറ്റൊരു പ്രകീര്‍ത്തനകാവ്യം 
വേറെയില്ല.
പ്രണയം മൂര്‍ദ്ധന്യതയിലെത്തിയപ്പോള്‍ എല്ലാം റസൂല്‍(സ) തങ്ങളില്‍ ദര്‍ശിച്ചു 
മഹാകവി. ഇരുലോകവിജയത്തിന്റെ നിദാനം തിരുമേനിയാണ്‌.. ഭയവിഹ്വലമായ 
പ്രതിസന്ധിഘട്ടത്തില്‍ തണല്‍ ഹബീബാണ്‌ തുടങ്ങി മുത്തുനബിയെ വിളിച്ച്‌ വേദനകള്‍ 
പങ്കുവയ്‌ക്കുന്ന വികാരനിര്‍ഭരമായ വരികളിലൂടെയാണ്‌ മഹാകാവ്യത്തിന്‌ 
സമാപ്‌തിയാവുന്നത്‌. രുചിച്ചാല്‍ മതിവരാത്ത, ആസ്വദിച്ചാല്‍ മറക്കാത്ത, പരമാനന്ദം 
പകരുന്ന മധുചഷകമാണ്‌ ബുര്‍ദതുല്‍ ബൂസ്വീരി.
പ്രകീര്‍ത്തനം മോക്ഷത്തിന്‌
അപഥസഞ്ചാരത്തിന്റെ ഇരുള്‍വഴികള്‍ താണ്ടി ഒരു സുപ്രഭാതത്തില്‍ മോക്ഷത്തിന്റെ 
കവാടത്തില്‍ എത്തിനില്‍ക്കുന്ന പശ്ചാത്താപ നിര്‍ഭരമായ ഹൃദയാന്തരങ്ങളില്‍ മദീനയുടെ 
ചിത്രം തെളിയുന്നത്‌ മനോജ്ഞംതന്നെ. ഇമാം നവവി(റ) തന്റെ പ്രശസ്‌തമായ ഈളാഹില്‍ 
വിവരിക്കുന്ന ഒരു സംഭവം നമുക്ക്‌ നല്‍കുന്ന കണ്ണീരില്‍ കുതിര്‍ന്ന പാഠം 
സ്‌മരണകളില്‍ ജ്വലിച്ചുനില്‍ക്കും.
ഇമാം അതബി(റ) ഉദ്ധരിക്കുന്നു: അതബി(റ) റൗളാശരീഫില്‍ ഇരിക്കുന്നു. തദവസരത്തില്‍, 
കരഞ്ഞുചുവന്ന കണ്ണുകളുമായി ഒരു കാട്ടറബി റൗളയിലെത്തി. സങ്കടം അടക്കാന്‍ കഴിയാതെ. 
അയാള്‍ ഉറക്കെ വിലപിക്കുകയാണ്‌. ``ഓ, അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേക്ക്‌ സലാം, 
അല്ലാഹു പരിശുദ്ധഖുര്‍ആനില്‍ പറഞ്ഞത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: വല്ലവരും സ്വന്തം 
ശരീരങ്ങളോട്‌ അക്രമംചെയ്‌ത്‌ അങ്ങയുടെ അരികെവന്ന്‌ പൊറുക്കലിനെ തേടുകയും താങ്കള്‍ 
അവര്‍ക്കുവേണ്ടി ശിപാര്‍ശചെയ്യുകയും ചെയ്‌താല്‍, നിശ്ചയം, അല്ലാഹു അവര്‍ക്ക്‌ 
മാപ്പ്‌നല്‍കുക തന്നെ ചെയ്യും. ഞാന്‍ അങ്ങയുടെ അരികെ എത്തിയത്‌ എന്റെ 
പാപങ്ങള്‍ക്ക്‌ മാപ്പിരന്നുകൊണ്ടാണ്‌.'' തുടര്‍ന്ന്‌ അയാള്‍ മനോഹരമായ ഒരുകാവ്യ ശകലം 
ആലപിച്ചു.
ഖാഅ പ്രദേശത്ത്‌ മറവുചെയ്യപ്പെട്ടവരില്‍ ഏറ്റവും ശ്രേഷ്‌ഠരായവരേ... അങ്ങയുടെ 
പൂങ്കാവനത്തില്‍ നിന്ന്‌ വീശിയടിക്കുന്ന സുഗന്ധം ഖാഅ്‌, അകം പ്രദേശങ്ങളെ 
ആനന്ദത്തിലാഴ്‌ത്തുന്നു. എന്റെ ശരീരം അങ്ങ്‌ വസിക്കുന്ന ഖബ്‌റിന്‌ ദണ്‌ഡമാണ്‌. 
നബിയേ.. അതില്‍ നിത്യാനന്ദവും ഔദാര്യവും ധര്‍മവുമായ അങ്ങാണല്ലോ ഉള്ളത്‌. 
സ്വിറാതിന്‍ മേല്‍ കാല്‍വഴുതുമ്പോള്‍ അങ്ങയുടെ ശിപാര്‍ശയല്ലതെ മറ്റെന്താണ്‌ 
ഞങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാവുന്നത്‌. അങ്ങയുടെ രണ്ടു സന്തതസഹചാരികള്‍! അവരെ 
എനിക്ക്‌ മറക്കാന്‍ കഴിയില്ല. നാഥന്റെ രക്ഷ നിത്യവും നിങ്ങളുടെമേല്‍ 
ഉണ്ടായിരിക്കട്ടെ...'' ഇമാം അതബി (റ) തുടരുന്നു: ``ആ കാട്ടറബി തിരിച്ചുപോയി. 
അല്‍പസമയത്തിനു ശേഷം ഞാന്‍ നിദ്രയിലേക്ക്‌ വഴുതിവീണു. ഉറക്കില്‍ റസൂല്‍തങ്ങളെ ഞാന്‍ 
കണ്ടു. അവിടുന്ന്‌ അരുളി: ``അതാബീ, ആ അഅ്‌റാബിയുടെ അരികെ ചെന്ന്‌ സന്തോഷവാര്‍ത്ത 
അറിയിക്കൂ.... നാഥനായ അല്ലാഹു അദ്ദേഹത്തിന്റെ മുഴുവന്‍ പാപങ്ങളും പൊറുത്തു 
കൊടുത്തിരിക്കുന്നു...''(ഈളാഹ്‌- 218)
സൂഫികളും പ്രകീര്‍ത്തനവും
ആദ്ധ്യാത്മികലോകത്തെ മുടിചൂടാമന്നന്‍മാര്‍ക്ക്‌ പ്രവാചകപ്രകീര്‍ത്തനം 
നിത്യോപാസനയാണ്‌. അവരുടെ ആന്തരാളങ്ങളില്‍ തിരുനബി വര്‍ണനകള്‍ നിലയ്‌ക്കാത്ത 
ഉറവയാണ്‌. വൈജ്ഞാനിക മണ്‌ഡലത്തിലെ അഗ്രഗണ്യന്‍, ലോകമുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം 
വരുന്ന അനുയായികളുടെ ഇമാം അബൂഹനീഫ (റഹ്‌മതുല്ലാഹി അലൈഹി)യുടെ മനോഹരമായ 
ഖസ്വീദത്തുന്നുഅ്‌മാനിയ്യ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആദ്ധ്യാത്മിക കവാടം 
തുറക്കുന്നു. പുണ്യതിരുമേനി(സ) തങ്ങളുടെ സന്നിധിയില്‍ സങ്കടങ്ങള്‍ ഇറക്കിവച്ച്‌ 
പരിഹാരത്തിന്‌ യാചിക്കുകയാണ്‌ ഇമാം. മറ്റൊരു മഹാസഞ്ചയത്തിന്റെ അനിഷേധ്യനായകന്‍ ഇമാം 
ശാഫിഈ(റ) ഹബീബിനെക്കുറിച്ച്‌ രചിച്ച വരികള്‍ തങ്കലിപികളാല്‍ ആലേഖനം 
ചെയ്യപ്പെട്ടവയാണ്‌. സൂഫീലോകത്ത്‌ വിപ്ലവം സൃഷ്‌ടിച്ച ശൈഖ്‌ രിഫാഈ (ഖ.സി) പ്രവാചക 
പ്രകീര്‍ത്തനത്തിലൂടെ റൗളാശരീഫിനെ പിളര്‍ത്തി തിരുമേനിയുടെ പുണ്യകരങ്ങള്‍ 
പുണര്‍ന്നത്‌ ചരിത്രത്തിലെ ഉജ്ജ്വല ധ്യായമാണ്‌. കൈരളിയുടെ മണ്ണില്‍ പിറന്ന്‌ 
പ്രവാചകപ്രണയത്തിന്റെ അനശ്വരഗീതങ്ങള്‍ ആലപിച്ച്‌ ഊടുവഴികളെ ധന്യമാക്കി, ഒടുക്കം 
മദീനാപൂങ്കാവനത്തില്‍ ചെന്ന്‌ പൂമേനിയുടെ കരം ഗ്രഹിച്ച ഉമര്‍ഖാളി(റ) യുടെ 
ദീപ്‌തസ്‌മരണകള്‍ നമ്മെ പുളകമണിയിക്കുന്നു. പ്രകീര്‍ത്തനത്തെ ജീവിതസഹയാത്രികനായി 
സ്വീകരിച്ച്‌ കൈരളിക്ക്‌ മനോഹരമായ ചിത്രം വരച്ചുതന്ന അശിഖുറസൂല്‍ ശൈഖുനാ കുണ്ടൂര്‍ 
ഉസ്‌താദ്‌ സ്‌മരണകളില്‍ സജീവമാണ്‌.
തകരുന്ന ജല്‍പനങ്ങള്‍ 
റബീഉല്‍ അവ്വലിന്റെ ആനന്ദം വിശ്വാസിഹൃദയങ്ങളില്‍ സുഗന്ധപുഷ്‌പങ്ങള്‍ 
വിരിയിക്കുന്നുവെങ്കില്‍ പ്രവാചകവിരോധികള്‍ക്കിത്‌ കലികാലമാണ്‌. അവര്‍ ഈ ദിനങ്ങളെ 
ശിര്‍ക്കാരോപണത്തിന്‌ പറ്റിയ മുഹൂര്‍ത്തമായികാണുന്നു. മുസ്‌ലിംകളെ മുശ്‌രിക്കുകള്‍ 
എന്നുവിളിക്കാന്‍ അവര്‍ തിരഞ്ഞെടുത്തത്‌ തിരുനബി പിറന്ന മാസം. നിര്‍ഭാഗ്യവാന്മാര്‍ 
തിരുനബിയുടെ മാതാപിതാക്കളെ മുശ്‌രിക്കാക്കുകകൂടി ചെയ്യുകയാണിപ്പോള്‍. സ്വന്തം 
വിശ്വാസധാരയുടെ ആധാരശിലയില്‍ കരിവാരിത്തേക്കുന്ന വിഡ്ഡിത്തമല്ലേ ഇത്‌?
തൗഹീദിനു വേണ്ടി പാടുപെട്ടുവെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന പ്രസ്ഥാനങ്ങളുടെ 
സമകാലിക പരിണതിയാണിത്‌. എന്നാലും മാറ്റങ്ങളുണ്ട്‌. റബീഉല്‍അവ്വലില്‍ റസൂലിനെ 
പരാമര്‍ശിക്കാനെങ്കിലും ഇവരില്‍ ചിലര്‍ ശ്രദ്ധിക്കുന്നു. ഏറെ കാലത്തിനുശേഷമുള്ള 
മാറ്റമാണിത്‌. മാറാതിരിക്കാനാവില്ല, കണ്ണും കാതുമുള്ളവര്‍ക്ക്‌ അത്രയ്‌ക്ക്‌ 
നബിസ്‌നേഹത്തിന്റെ ധവളിമയില്‍ കുളിച്ചുനില്‍ക്കുന്ന മാസമാണ്‌ പുണ്യറബീഅ്‌