Friday, April 3, 2009

അബൂഹനീഫക്ക്‌ അങ്ങല്ലാതെ മറ്റാരുണ്ട്‌? ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി

 

പ്രത്യക്ഷത്തില്‍ വിരുദ്ധന്യായങ്ങള്‍ തെളിഞ്ഞുവന്നാലും നബി(സ)യുടെ കല്‍പനകള്‍ 
പൂര്‍ണമായി അംഗീകരിക്കാതിരിക്കുന്നതിന്റെ ഫലം മാരകമായിരിക്കുമെന്ന്‌ മുസ്‌ലിംകള്‍ 
അനുഭവിച്ചറിഞ്ഞ ഉഹ്‌ദ്‌ യുദ്ധത്തിന്റെ നായകന്‍ ആരായിരുന്നു? ഇരുകരങ്ങളിലും 
വാളുകളേന്തി ശരീരത്തിന്റെ ഓരോഇഞ്ചും ശത്രുക്കള്‍ കൊത്തിയെടുക്കുവോളം ദീനിനുവേണ്ടി 
പോരാടിയ ഹംസതുല്‍ ഖര്‍റാര്‍ (റ), ശത്രുവായ പിതാവിന്റെ ശിരസ്‌ വാളില്‍ കൊരുത്ത്‌ 
നബി(സ)യെ സമീപിച്ച അബൂ ഉബൈദ (റ), തുടങ്ങി പല മറുപടികളാവും നമുക്ക്‌ നല്‍കാനുള്ളത്‌. 
എന്നാല്‍, ഉഹ്‌ദിനെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം പ്രവാചകരുടെ സന്തതസഹചാരി 
സ്വിദ്ദീഖുല്‍ അഖ്‌ബര്‍(റ) പറയാറുള്ളതെന്തെന്നോ: `ഉഹ്‌ദ്‌ പൂര്‍ണമായും 
ത്വല്‍ഹയുടെതായിരുന്നു.' അതേ, രക്തം വാര്‍ന്നതിനാല്‍ തളര്‍ന്ന്‌ നിലത്ത്‌ 
കാലുറക്കാതെ കുഴഞ്ഞുപോയ നബി (സ)യെ ഇടതുകൈകൊണ്ട്‌ നെഞ്ചിലേക്ക്‌ താങ്ങിപ്പിടിച്ച്‌ 
വലിയൊരു സംഘം ശത്രുക്കളോട്‌ ഒറ്റക്കൈകൊണ്ട്‌ പോരാടി പ്രിയനായകനൊപ്പം 
വിശുദ്ധദീനിനെയും സംരക്ഷിച്ച ത്വല്‍ഹത്തുബ്‌നു ഉബൈദുല്ലയുടെതായിരുന്നു ഉഹ്‌ദ്‌. 
ഉഹ്‌ദിന്റെ ഒന്നാം ഘട്ടത്തില്‍ മുസ്‌ലിംകളുടെ മുന്നേറ്റമായിരുന്നു. ശത്രുക്കള്‍ 
തോറ്റോടുക തന്നെ ചെയ്‌തു. പിന്നീടുണ്ടായ ചില പൊരുത്തക്കേടുകള്‍ അവര്‍ 
മുതലെടുത്തപ്പോള്‍, മുസ്‌ലിംരക്തം കൊണ്ട്‌ മലയിടുക്കുകള്‍ പങ്കിലമായി. ചിലര്‍ക്ക്‌ 
യുദ്ധരംഗം വിട്ട്‌ ഓടേണ്ടിവന്നു. നബി(സ)യുടെ മുന്‍പല്ല്‌ പൊട്ടി, തലക്ക്‌ മുറിവു 
പറ്റി രക്തം ധാരയായൊഴുകി. ഉന്നതരായ കൂട്ടുകാരില്‍നിന്ന്‌ തിരുദൂതര്‍ ഒറ്റപ്പെട്ടൊരു 
സന്ദര്‍ഭം. ശത്രുക്കളിലൊരു സംഘം നബിയെ വളഞ്ഞു. എന്തു സാഹസം ചെയ്‌തും മുഹമ്മദിനെ 
വധിച്ചേ അടങ്ങൂ - അവര്‍ പ്രതിജ്ഞ പുതുക്കി ആര്‍ത്തട്ടഹസിച്ചു. പതിനൊന്ന്‌ 
അന്‍സാറുകളും ത്വല്‍ഹയും മാത്രമുണ്ട്‌ നബി(സ)ക്കൊപ്പം. `ഇവരോട്‌ പോരാടാന്‍ 
ആരുണ്ട്‌; അവനെ ഞാന്‍ സ്വര്‍ഗത്തിലെ കൂട്ടുകാരനാക്കാം' - നബി(സ) പ്രഖ്യാപിച്ചു. 
ഉടനെ ത്വല്‍ഹ സന്നദ്ധനായി. നബി(സ) പറഞ്ഞു: `നീയല്ല; മറ്റൊരാള്‍?' അന്‍സാറുകളിലൊരു 
ധീരന്‍ മുന്നിട്ടിറങ്ങി വീരപോരാട്ടത്തിനിടയില്‍ രക്തസാക്ഷിയായി. മലക്കു മുകളിലൊരു 
സ്ഥലത്തേക്ക്‌ നീങ്ങുകയായിരുന്നു നബി(സ)യും കൂട്ടുകാരും. ശത്രുക്കള്‍ വിട്ടില്ല. 
ശക്തിയോടെ അവര്‍ പിന്നെയും വളഞ്ഞു. നബി(സ) പഴയ ചോദ്യം ആവര്‍ത്തിച്ചു. ത്വല്‍ഹ 
വീണ്ടും മുന്നോട്ടുവന്നു. അപ്പോഴും നബി(സ) അദ്ദേഹത്തിന്‌ അനുമതി നല്‍കിയില്ല. 
അങ്ങനെ പല ഘട്ടങ്ങളിലായി പതിനൊന്ന്‌ അന്‍സാറുകള്‍ രക്തസാക്ഷികളായി വീണു. 
ലോകത്തിന്റെ വെളിച്ചം കെടാതെ സംരക്ഷിക്കാന്‍ ഇനി ത്വല്‍ഹ മാത്രം..! ആവേശത്തോടെ 
ചീറിവരികയാണ്‌ ശത്രുക്കള്‍. തിരുനബി(സ) തന്റെ കൂട്ടുകാരന്റെ കണ്ണുകളിലേക്കു 
നോക്കി... ത്വല്‍ഹക്ക്‌ ആ ദര്‍ശനം സഹിക്കാനായില്ല. അല്ലാഹുവില്‍ സമര്‍പ്പിച്ച്‌ 
അദ്ദേഹം തന്റെ വാള്‍ ചുഴറ്റിക്കൊണ്ടിരുന്നു. ത്വല്‍ഹക്ക്‌ 
മുന്നോട്ടുപോവാനാവാത്തവിധം ക്ഷീണിതനാണ്‌ റസൂല്‍ (സ). നായകനെ തന്റെ നെഞ്ചിലേക്ക്‌ 
ചായ്‌ച്ചുകിടത്തി പരമാവധി അകലത്തേക്ക്‌ അദ്ദേഹം വാള്‍ ചുഴറ്റും. ശത്രുക്കള്‍ അല്‍പം 
ദൂരേക്കുനിങ്ങിയാല്‍ നബി(സ)യെ താഴെയിരുത്തി ശത്രുക്കളിലേക്ക്‌ കുതിക്കും; വര്‍ധിത 
ആവേശത്തോടെ പോരാടും. പെട്ടെന്ന്‌ തിരിഞ്ഞുവന്ന്‌ നബി(സ)യെ താങ്ങിയെടുത്ത്‌ പര്‍വതം 
കയറും. എതിരാളികളെ തുരത്തി നബി(സ)യെ മലമുകളിലെത്തിക്കുവോളം 
ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു. മലമുകളില്‍ തിരുദൂതര്‍ തളര്‍ന്ന്‌ 
ഒറ്റക്കിരിക്കുന്നത്‌ ദൂരെനിന്ന്‌ സ്വിദ്ദീഖ്‌ (റ)ന്റെ ദൃഷ്‌ടിയില്‍പെട്ടു. 
അബൂഉബൈദ(റ)യെയും കൂട്ടി നബി (സ)യെ ശുശ്രൂഷിക്കാന്‍ അദ്ദേഹം ഓടിയെത്തിയപ്പോള്‍ 
`എന്നെ വിടൂ; നിങ്ങളുടെ കൂട്ടുകാരന്‌ സേവനംചെയ്‌തു കൊടുക്കൂ' എന്നായിരുന്നു 
റസൂലി(സ)ന്റെ പ്രതികരണം. തൊട്ടകലെ ബോധമറ്റുകിടക്കുന്ന ത്വല്‍ഹ(റ)യെ അപ്പോഴാണവര്‍ 
കാണുന്നത്‌. കൂട്ടുകാരനെ വാരിയെടുത്ത സ്വിദ്ദീഖ്‌(റ) ഞെട്ടിപ്പോയി. വാളിന്റെയും 
കുന്തത്തിന്റെയും മാരകമുറിവുകള്‍ക്കു പുറമെ ശരീരത്തില്‍ തറച്ചുകയറിയ ധാരാളം 
അസ്‌ത്രങ്ങളും. ചില വിരലുകള്‍ അറ്റുപോയിരിക്കുന്നു. എല്ലാം കൂടി എണ്‍പതോളം 
മുറിവുകള്‍...! ചീറിവന്ന അസ്‌ത്രങ്ങള്‍ സ്വശരീരംകൊണ്ട്‌ ഏറ്റുവാങ്ങി മഹാന്‍ ദൂതരെ 
സംരക്ഷിച്ചു. നബി(സ) നല്‍കിയ `ജീവിച്ചിരിക്കുന്ന രക്തസാക്ഷി' എന്ന 
ഓമനപ്പേരിലായിരുന്നു പിന്നീട്‌ ത്വല്‍ഹ വിശ്രുതനായത്‌. (രിജാലുന്‍ ഹൗലറസൂല്‍: 262)
മജ്ജയും മാംസവുമുള്ള ഒരു കൂട്ടം മനുഷ്യര്‍ അവരുടെ നായകനെ കാത്തുസൂക്ഷിച്ചതിന്റെ 
ചെറിയ മാതൃകയാണിത്‌. അവര്‍ക്ക്‌ മക്കളുണ്ടായിരുന്നു. ഭാര്യമാരും 
കുടുംബവുമുണ്ടായിരുന്നു. ആരെയും പോലെ കുറെ പച്ചയായ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാന്‍ 
പ്രതീക്ഷിച്ചിരുന്നവരായിരുന്നു പ്രവാചകര്‍(സ)യുടെ പ്രിയകൂട്ടുകാരും. പക്ഷേ, അത്തരം 
ഭൗതിക പ്രതിസന്ധികളൊന്നും അവരുടെ നായകനുവേണ്ടി ആയുധങ്ങള്‍ക്കു നേരെ 
നെഞ്ചുവിരിക്കാനും കൂരമ്പുകള്‍ ഏറ്റുവാങ്ങാനും അവര്‍ക്കു പ്രതിബന്ധമായില്ല. 
സമാനതകളില്ലാത്ത ബന്ധമാതൃകകളാണ്‌ അന്ന്‌ അറേബ്യയില്‍ വെളിപ്പെട്ടത്‌.
നബി(സ)ക്കൊപ്പംനിന്ന്‌ ജീവിതംകൊണ്ട്‌ സ്വഹാബികള്‍ ചരിത്രമെഴുതിയെങ്കില്‍, അവിടുത്തെ 
വിയോഗാനന്തരമോ? നബിസ്‌മരണയായിരുന്നു അവരുടെ ആത്മാവിന്റെ ഊര്‍ജം. അവിടുത്തെ 
സ്‌മരിച്ച്‌ അപദാനങ്ങള്‍ പറഞ്ഞിരിക്കുക ശിഷ്യരുടെ പതിവായിരുന്നു. നബിയെക്കുറിച്ചു 
കേട്ടാല്‍ കണ്ണുനിറയും. ഉപയോഗിച്ച വസ്‌തുക്കള്‍ കണ്ടാല്‍ ഹൃദയം വിങ്ങും. 
തിരുദൂതരുടെ പേരുപറയേണ്ടിവന്നാല്‍ കണ്‌ഠമിടറുന്നതിനാല്‍ അതു പൂര്‍ത്തിയാക്കാന്‍ 
പലപ്പോഴും അവര്‍ക്ക്‌ കഴിയാറില്ല. ഒന്നാം ഖലീഫയായി സിദ്ദീഖ്‌(റ) സ്ഥാനമേറ്റയുടന്‍, 
മദീനവിട്ട്‌ ശാമിലേക്ക്‌ യാത്രതിരിക്കാനും അവിടെ ഇസ്‌ലാമിക സേവനവുമായി കഴിയാനും 
അനുമതി ചോദിച്ച്‌ നബി(സ)യുടെ ബാങ്കുകാരന്‍ ബിലാല്‍(റ) എത്തി. ഖലീഫ പ്രതികരിച്ചു: 
`അരുത്‌, പിന്നെ ഞങ്ങള്‍ക്കുവേണ്ടി ആരു ബാങ്കുകൊടുക്കും?' ദൃഢമായിരുന്നു ബിലാലിന്റെ 
തീരുമാനം. അദ്ദേഹം വികാരഭരിതനായി പറഞ്ഞു: ``താങ്കള്‍ ഉമയ്യത്തിന്റെ പീഡനത്തില്‍ 
നിന്ന്‌ എന്നെ മോചിപ്പിച്ചത്‌ താങ്കളുടെ അടിമയായി ജീവിക്കാനായിരുന്നുവെങ്കില്‍ 
ഞാനിവിടെ തുടരാം; അല്ല, ഇസ്‌ലാമിനു വേണ്ടിയായിരുന്നുവെങ്കില്‍ എനിക്കു സമ്മതം 
തന്നേപറ്റൂ. എന്റെ പ്രവാചകന്നല്ലാതെ ആര്‍ക്കുവേണ്ടിയും ബാങ്കുകൊടുക്കാന്‍ ഈ 
ബിലാലിനാവില്ല.'' സിദ്ദീഖ്‌(റ) ബിലാലിനെ പോകാന്‍ അനുവദിച്ചുവെന്ന്‌ ചരിത്രത്തില്‍ 
പ്രമുഖഭാഷ്യം. ബാങ്കുകൊടുക്കാതെ ഇസ്‌ലാമികസേവനവുമായി ബിലാല്‍(റ) പിന്നീടു ജീവിച്ചു. 
വര്‍ഷങ്ങള്‍ക്കു ശേഷം ഖലീഫാ ഉമര്‍(റ)ന്റെ ഭരണകാലം. തന്റെ ഭരണീയരുടെ വിവരം തിരക്കി 
മഹാന്‍ ശാം പ്രവിശ്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടുത്തുകാര്‍ ഒന്നിച്ചൊരു 
അഭ്യര്‍ത്ഥന ഉമര്‍(റ)വിന്റെ മുന്നില്‍ വച്ചു: ``അങ്ങ്‌ ബിലാലിനോട്‌ ഒരിക്കലെങ്കിലും 
ബാങ്കുകൊടുക്കാന്‍ കല്‍പിക്കണം. ഞങ്ങളൊക്കെയും അതുകേള്‍ക്കാന്‍ 
കൊതിച്ചിരിക്കുകയാണ്‌.'' ഉമര്‍(റ)വിനും അതിയായ താല്‍പര്യമുള്ള കാര്യമായിരുന്നു 
അത്‌. അങ്ങനെ, ഖലീഫയുടെ നിര്‍ദ്ദേശത്തിനു വഴിപെട്ട്‌ ബിലാല്‍ (റ) ദീര്‍ഘകാലത്തിനു 
ശേഷം ബാങ്കുകൊടുക്കാന്‍ തയ്യാറെടുത്തു. അദ്ദേഹത്തിന്റെ ഗംഭീരസുന്ദരസ്വരം ശാമിനെ 
കോരിത്തരിപ്പിച്ച്‌ അന്തരീക്ഷത്തിലൂടെ ഒഴുകി. ... അല്ലാഹുഅക്‌ബര്‍... പക്ഷേ, 
അശ്‌ഹദുഅന്ന മുഹമ്മദ... പൂര്‍ത്തിയാക്കാന്‍ മഹാനായില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ 
നൂറുകൂട്ടം ചിന്തകളുടെ വേലിയേറ്റമുണ്ടായിക്കാണും. ഹിജ്‌റക്കുശേഷം പനിപിടിച്ചത്‌, 
റസൂല്‍(സ) പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്‌, ബാങ്ക്‌ നിയമമായപ്പോള്‍ മറ്റാരെയും 
പരിഗണിക്കാതെ തന്നോട്‌ മുത്ത്‌നബി(സ) അതിനു കല്‍പിച്ചത്‌, ഏറ്റവുമൊടുവില്‍ 
ശിര്‍ക്കിന്‍ കോട്ടകള്‍ ഭേദിച്ച്‌ മക്ക ഇസ്‌ലാമിനു കീഴൊതുങ്ങിയ 
ചരിത്രപ്രധാനദിനത്തില്‍, ഇസ്‌ലാമിനുമുമ്പ്‌ അവഗണിക്കപ്പെടാനും പീഡനമേല്‍ക്കാനും 
മാത്രം വിധിക്കപ്പെട്ടിരുന്ന എന്നെയും തന്നെപ്പോലെ കറുത്ത മറ്റൊരു നീഗ്രോ 
ഉസാമയെയും ഇരുവശങ്ങളിലും നിറുത്തി ഞങ്ങളുടെ തോളില്‍ കൈവച്ച്‌ അറേബ്യന്‍ സവര്‍ണരുടെ 
ആത്മാവ്‌ ചവിട്ടിമെതിച്ച്‌ പുണ്യറസൂല്‍(സ) കഅ്‌ബയിലേക്ക്‌ നടന്നു നീങ്ങിയത്‌, 
കഅ്‌ബക്കു മുകളില്‍ കയറി സര്‍വമാന പീഡിതരുടെയും അവകാശപ്രഖ്യാപനം നടത്താന്‍ 
എന്നോടുതന്നെ നായകന്‍ കല്‍പിച്ചത്‌... അങ്ങനെ പലതും... ബിലാലിന്റെ ശരീരം വിറകൊണ്ടു. 
വാക്ക്‌ പതറി. ആകെ വിയര്‍ത്തുകുളിച്ച്‌ പരിസരം മറന്നു. ബാങ്കിനു പകരം മഹാന്‍ 
ആര്‍ത്തുകരഞ്ഞു. ഹൃദയഭേദകരംഗം. ശാമിലൂടെ അന്ന്‌ കൂട്ടക്കരച്ചിലൊഴുകി; 
കേട്ടവര്‍ക്കൊക്കെയും മുത്തുനബിയോടൊത്ത്‌ മദീനയിലുണ്ടായ സുന്ദരജീവിതം ഓര്‍മയില്‍ 
മിന്നിമറഞ്ഞു. അവരൊക്കെയും കരഞ്ഞുകൊണ്ടിരുന്നു. അന്നുവരെയും കരയാത്തത്ര 
ശക്തമായിരുന്നു അവരുടെ ആര്‍ത്തനാദങ്ങളെന്നും അന്ന്‌ വളരെ നേരം കരഞ്ഞിരുന്നത്‌ 
ഖലീഫയായിരുന്നു വെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. (രിജാലുന്‍ ഹൗലറസൂല്‍: 
70)
പറഞ്ഞല്ലോ, തിരുവഫാത്തിനു ശേഷം നബി സ്‌മരണയായിരുന്നു അവരുടെ ജീവിതഗതി 
നിര്‍ണയിച്ചിരുന്നതെന്ന്‌. മുസൈലിമയുടെ ലക്ഷക്കണക്കിനുള്ള കപടസേനക്കെതിരെ അരങ്ങേറിയ 
യമാമയുദ്ധം. ഇടക്കുവച്ച്‌ അല്‍പം ആവേശംനശിച്ച മുസ്‌ലിംഅണികളെ ശത്രുസൈന്യം 
കീറിമുറിച്ചു. പരാജയം അവരെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. സേനാനായകന്‍ 
ഖാലിദ്‌(റ)വിന്റെ തമ്പില്‍വരെ ശത്രുക്കളെത്തി. വിശ്വാസികളുടെ ആലസ്യം തിരിച്ചറിഞ്ഞ 
`പ്രവാചകരുടെ പ്രഭാഷകന്‍' സാബിത്‌ബ്‌നു ഖൈബ്‌(റ) അത്യുച്ചത്തില്‍ വിളിച്ചുചോദിച്ചു: 
``കൂട്ടുകാരേ, ഇങ്ങനെയായിരുന്നോ നാം പ്രവാചകനൊപ്പം യുദ്ധം ചെയ്‌തിരുന്നത്‌...?'' 
അതൊരു പ്രഖ്യാപനമായിരുന്നു. തോല്‍വിയിലേക്കു നീങ്ങിയിരുന്ന മുസ്‌ലിം അണികള്‍ 
ഊര്‍ജസ്വലരായി. നബിയെ ഓര്‍ത്ത്‌ അവരുടെ ആവേശം ഇരട്ടിച്ചു. പിന്നീടൊരു 
ജീവന്‍മരണപോരാട്ടം തന്നെ നടന്നു. അവസാനം മുസൈലിമയുടെ ഭീമന്‍സൈന്യം തറപറ്റുക തന്നെ 
ചെയ്‌തു. മറ്റുപല രംഗങ്ങളിലും `മുഹമ്മദെന്ന' നാമം, നബി(സ)യെക്കുറിച്ചുള്ള ഓര്‍മകള്‍ 
അവര്‍ക്ക്‌ വെളിച്ചം പകര്‍ന്നത്‌ യാഥാര്‍ത്ഥ്യം.
സ്വഹാബികളില്‍നിന്ന്‌ പില്‍ക്കാലത്തേക്ക്‌ വരിക. അവിടെയും നബിസ്‌നേഹവും സ്‌മരണയും 
വഴിനിശ്ചയിച്ചൊരു സമൂഹത്തെയാണ്‌ നമുക്ക്‌ കാണാനാവുന്നത്‌. നബി (സ) സഹായിയാണെന്നും 
(വി.ഖു 5/55) അവിടുന്ന്‌ സര്‍വഭാരങ്ങളും ഇറക്കിവയ്‌ക്കുമെന്നും (7/157) കൃപാലുവും 
കരുണാദായകനുമാണെന്നു (9/128)മൊക്കെ വ്യക്തമായി മനസ്സിലാക്കി, അതില്‍ വലിയമോഹം 
പുലര്‍ത്തിയിരുന്നു അവര്‍. ഇമാം അബൂഹനീഫതുല്‍ കൂഫി(റ)യെ പരിചയപ്പെടുത്തേണ്ടതുണ്ടോ? 
അദ്ദേഹത്തിന്റെ ജ്ഞാനവൈപുല്യത്തിനു പ്രമാണമായി ``പണ്ഡിതര്‍ മുഴുക്കെ 
ദീന്‍കാര്യങ്ങളില്‍ അബൂഹനീഫയുടെ ആശ്രിതരാണെ''ന്ന ഇമാം ശാഫി(റ)യുടെ പ്രസ്‌താവന 
മാത്രംമതി. പലിശയാവുമോ എന്നു സന്ദേഹിച്ച്‌ കടം മടക്കി നല്‍കാനുള്ളവന്റെ മരത്തണല്‍ 
ഉപയോഗിക്കാതെ പൊരിവെയിലില്‍ നിന്ന്‌ കഷ്‌ടപ്പെട്ട പരമ ഭക്തന്‍...! പ്രവാചകപ്രേമം 
നിറഞ്ഞു കവിഞ്ഞ ഇമാമുല്‍ അഅ്‌ളമിന്റെ ഹൃദയത്തില്‍ നിന്ന്‌ ഒരു കാവ്യമഞ്‌ജരിയായി 
അത്‌ കുത്തിയൊഴുകി- അല്‍ഖസ്വീദതുല്‍ നുഅ്‌മാനിയ്യ. പ്രേമത്തിന്റെ പാരവശ്യത്തില്‍ 
തന്റെ നായകനോട്‌ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ ശ്രദ്ധിക്കുക: ``നേതാക്കളുടെ 
നായകാ, അങ്ങയുടെ സംരക്ഷണവും സംതൃപ്‌തിയും കൊതിച്ച്‌ ഞാനിതാ വന്നിരിക്കുന്നു. 
അല്ലാഹുവാണെ, എനിക്ക്‌ അങ്ങയെ മാത്രം കാംക്ഷിക്കുന്ന പ്രേമാതുരമായൊരു 
ഹൃദയമുണ്ടെന്ന്‌ സൃഷ്‌ടിശ്രേഷ്‌ഠരേ, അങ്ങറിഞ്ഞാലും... എന്റെ നായകാ, എന്റെ 
ദൈന്യതകളില്‍ അവിടുന്ന്‌ ശിപാര്‍ശകനാവണം. അങ്ങയുടെ സമൃദ്ധിയില്‍ തല്‍പരനാണു ഞാന്‍. 
അങ്ങയുടെ ഔദാര്യത്തില്‍ കൊതിയുള്ള ഈ അബൂഹനീഫയ്‌ക്ക്‌, താങ്കളല്ലാതെ മറ്റാരുണ്ട്‌? 
അങ്ങുന്ന്‌ ഉന്നതശിപാര്‍ശകനാണല്ലോ, അങ്ങയെ പ്രാപിച്ചവര്‍ക്ക്‌ നേട്ടം ലഭിക്കുകയും 
ചെയ്യും. അതുകൊണ്ട്‌, അങ്ങയുടെ ആതിഥ്യം എനിക്കു ശിപാര്‍ശയാക്കി തന്നീടേണം. നാളെ 
അങ്ങയുടെ കൊടിക്കീഴില്‍ ഒരുമിക്കാമെന്ന പ്രതീക്ഷയുണ്ടെനിക്ക്‌.'' നോക്കൂ, 
നബിസ്‌നേഹത്തിന്റെ തേനൊഴുക്കി പുണ്യറസൂല്‍(സ)യിലേക്ക്‌ അടുത്തുനിന്ന്‌, തന്റെ സര്‍വ 
വിജയങ്ങളുടെയും മുഖ്യകാരണമായി നബിയെ കാണുകയാണ്‌ മഹാന്‍. പുണ്യനായകനില്‍നിന്ന്‌ 
ശഫാഅത്തും സഹായവും വളച്ചുകെട്ടില്ലാതെ ആവശ്യപ്പെടുകയും ചെയ്യുന്നു. മാലിക്‌ബ്‌നു 
അനസ്‌(റ)വിനും ഇതേ സ്വഭാവമായിരുന്നു. ശൈഖ്‌ രിഫാഈ(റ) റൗളയിലെത്തി പ്രകടിപ്പിച്ചതും 
ഇതേ വികാരം. മറ്റു പൂര്‍വികനായകര്‍ മുഴുക്കെ തുടര്‍ന്നുവന്നത്‌ വിരുദ്ധമായൊരു 
വിശ്വാസമായിരുന്നില്ല. ഇബ്‌നുഹജര്‍(റ)നെപ്പോലുള്ള മഹാപ്രതിഭകള്‍ 
വിശദവ്യാഖ്യാനങ്ങള്‍ കൊണ്ട്‌ ആധികാരികത തെളിയിച്ച ഖസ്വീദതുല്‍ബുര്‍ദയിലൂടെ ഇമാം 
ബൂസ്വൂരി(റ) പ്രകടിപ്പിക്കുന്ന നബിപ്രേമത്താലുള്ള ആത്മസാക്ഷാല്‍കാരത്തിന്റെ പതംവന്ന 
വര്‍ണനകള്‍ അറിയാത്തവരില്ല. ഇതൊക്കെയും ഒരു വിശ്വാസി എങ്ങനെ അവഗണിച്ചുതള്ളും? രണ്ടു 
സാധ്യതകളാണ്‌ മുമ്പിലുള്ളത്‌. ഒന്നുകില്‍, ഇസ്‌ലാം കടന്നുവന്ന പൂര്‍വിക ജ്ഞാനധാര 
മുഴുക്കെ അവിശുദ്ധരും അധാര്‍മികളുമാണെന്ന്‌ ധിക്കാരം പറയുക. അല്ലെങ്കില്‍, അവര്‍ 
പഠിച്ചറിഞ്ഞു പ്രചരിപ്പിച്ചതൊന്നുമല്ല യഥാര്‍ത്ഥ മതം. മറിച്ച്‌, നബി(സ)യെന്നു 
കേള്‍ക്കുമ്പോഴേക്ക്‌ മുഖം വക്രിക്കുന്ന പില്‍ക്കാല ബിദ്‌അത്തുകാര്‍ കണ്ടെത്തി 
പുറത്തിറക്കുന്ന റെഡിമെയ്‌ഡ്‌ ആശയ സമാഹാരമാണതെന്ന്‌ കണ്ണടച്ചു വിശ്വസിക്കുക. 
ഉണര്‍ന്നിരിക്കുന്ന വായനക്കാരാ, രണ്ടിലൊന്ന്‌ താങ്കള്‍ക്കു സ്വീകാര്യമല്ലെങ്കില്‍, 
അബൂഹനീഫ(റ)യുടെ പാതയിലേക്ക്‌ നമുക്ക്‌ നീങ്ങാം.
കേരളചരിത്രത്തിലും പ്രവാചകപ്രേമ കീര്‍ത്തനങ്ങളുടെ ഒരു പൂങ്കുയിലിനെ കാണാം. 
ബ്രിട്ടീഷുകാരന്റെ പൂട്ടിയിട്ട കല്‍തുറുങ്കില്‍ നിന്ന്‌ ഇറങ്ങിനടന്ന 
ആത്മീയാചാര്യന്‍ ഉമറുല്‍ ഖാസി(റ), മമ്പുറംതങ്ങളുടെ കൂട്ടുകാരന്‍, പണ്ഡിതന്‍, 
ജനനായകന്‍. പില്‍ക്കാലക്കാരനായ മഹാന്‍, നബിസ്‌നേഹത്തിനു മുമ്പില്‍ 
മടിച്ചുനില്‍ക്കുകയായിരുന്നില്ല. പ്രേമഭാരം നിറഞ്ഞു കനത്ത ഹൃദയവുമായി റൗളക്കുചാരെ 
എത്തിയപ്പോള്‍ കഅ്‌ബി(റ)നെ പോലെ, ഹസന്‍(റ)നെപോലെ, അബൂഹനീഫ(റ)യെയും രിഫാഈ(റ)യെയും 
പോലെ പ്രവാചകവര്‍ണനകളുടെ മധുരംകുതിര്‍ത്ത ഖണ്ഡകാവ്യം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ 
നിന്ന്‌ കുത്തിയൊഴുകി:
``നബിയുടെ ഖബര്‍ സന്ദര്‍ശനാര്‍ത്ഥം ഞാന്‍ മദീനയിലെത്തി. അവിടുത്തെ 
പരിമളമാസ്വദിച്ച്‌ ഞാനങ്ങനെ നില്‍ക്കുമ്പോള്‍ നബിക്കുള്ള സ്ഥാനമാനങ്ങളുടെ 
ഗാംഭീര്യതയോര്‍ത്ത്‌ എനിക്ക്‌ സ്വബോധം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായി. 
നബിസ്‌നേഹത്തിന്റെ ആധിക്യം കൊണ്ടായിരുന്നു ഇത്‌. അങ്ങയെ എപ്പോഴും 
സ്‌നേഹിക്കുന്നവനാണ്‌ പാപിയാം ഉമര്‍. സ്വലാത്ത്‌ സലാമുകള്‍ മുഖേന പരലോകവിജയം ഞാന്‍ 
ഇഷ്‌ടപ്പെടുന്നു. അങ്ങയുടെ ശ്രേയസ്സ്‌ ആഗ്രഹിച്ചുകൊണ്ട്‌ അങ്ങയുടെ ഉമ്മറപ്പടിയിലിതാ 
ഉമര്‍ വന്നണഞ്ഞിരിക്കുന്നു. ഉണങ്ങാതെ കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകുന്ന 
കണ്ണുനീര്‍ കൊണ്ട്‌ അങ്ങയുടെ ഔദാര്യമാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌. 
മുന്‍ഗാമികളിലും പിന്‍ഗാമികളിലും അങ്ങയെപ്പോലൊരു മാന്യനെ കാണാനാവില്ലല്ലോ, 
സൃഷ്‌ടിശ്രേഷ്‌ഠരേ...'' ഉമര്‍ ഖാസി(റ)യുടെ പ്രേമവിലാസങ്ങള്‍ ഇങ്ങനെ തുടരുന്നു. 
നബി(സ)യുടെ ചാരത്തെത്തിയപ്പോള്‍, നബിസ്‌നേഹത്തിന്റെ നെരിപ്പോടായി മാറിയ 
അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിപ്പോവുകയാണ്‌. ബിലാല്‍(റ) കരഞ്ഞതുപോലെ കണ്ണുകള്‍ 
ബാഷ്‌പമൊഴുക്കുകയും ചെയ്യുന്നു. പൈശാചിക ദുര്‍ബോധനകളുടെ വൈവിധ്യങ്ങളുണ്ടാവുമ്പോഴും 
ഈ മാതൃകകളില്‍ ഉറച്ചുനില്‍ക്കുക. നബിസ്‌നേഹം നിറഞ്ഞൊരു ഹൃദയവും അതിന്റെ 
പ്രകടിതരൂപമായിത്തീരുന്ന ഒരു ശരീരവും നേടിയെടുക്കാനാവുമെങ്കില്‍, നമുക്കാരെ 
പേടിക്കണം? ഞങ്ങള്‍ ത്വല്‍ഹയാവാന്‍ കഴിയാത്ത ഭാഗ്യദോഷികള്‍. ഉഹ്‌ദിന്റെ ഭീകരതയില്‍ 
ഒപ്പംനിന്ന്‌ ജീവിതം സമര്‍പ്പിച്ചവര്‍ക്ക്‌ സ്വര്‍ഗീയസൗഹൃദം തന്നെ വാഗ്‌ദാനം ചെയ്‌ത 
നായകരേ, അങ്ങയെയും അങ്ങയുടെ പ്രിയകൂട്ടുകാരെയും സ്‌നേഹിക്കുന്നതിനാല്‍ മഹ്‌ശറയുടെ

No comments:

Post a Comment